സന്ദര്‍ശനത്തിനായോ സ്ഥിരതാമസത്തിനായോ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് എന്തൊക്കെ വസ്തുക്കള്‍ ഇവിടേക്ക് കൊണ്ടുവരാമെന്നത്.
സാധാരണ എല്ലാ രാജ്യങ്ങളിലുമുള്ള കസ്റ്റംസ്, എക്‌സൈസ് നിയന്ത്രണങ്ങള്‍ക്ക് പുറമേ, ഓസ്‌ട്രേലിയയുടെ പ്രത്യേക ഭൂസവിശേഷതകള്‍ കണക്കിലെടുത്തുള്ള അധിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ ജൈവ വൈവിധ്യവും ജൈവ സുരക്ഷയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇത്.
ബാഗ് പാക്ക് ചെയ്യുമ്പോള്‍ ഒട്ടും ശ്രദ്ധിക്കാതെ എടുത്തുവയ്ക്കാന്‍ സാധ്യതയുള്ള ചില വസ്തുക്കളുണ്ട്. ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ പാടില്ലാത്തവ. അതില്‍ ഏറ്റവും പ്രധാനമാണ് ഈ അഞ്ചു കാര്യങ്ങള്‍.
1. പഴങ്ങളും പച്ചക്കറികളും
ഓസ്‌ട്രേലിയയിലെ കൃഷിയെ ബാധിക്കാവുന്ന കീടങ്ങളെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ ഏറ്റവും വലിയ ഭീഷണി എന്താണ് എന്നറിയുമോ?
ഇന്ത്യയിലൊക്കെ ധാരാളമായി കണ്ടുവരുന്ന പഴയീച്ചകള്‍. പഴവര്‍ഗ്ഗങ്ങളെ പൊതിഞ്ഞുകാണുന്ന ഇത്തരം ഈച്ചകള്‍ ഓസ്‌ട്രേലിയയുടെ വലിയൊരു ഭാഗം പ്രദേശങ്ങളിലും കാണാറില്ല.
ഇത്തരം ഈച്ചകള്‍ ഇവിടേക്ക് വന്നാല്‍ ഓസ്‌ട്രേലിയന്‍ പഴം-പച്ചക്കറി കൃഷിയെ ബാധിക്കുമെന്നാണ് ആശങ്ക.

Kiwi fruit Source: Pixabay/Meditations CC0
ഒമ്പതു ബില്യണ്‍ ഡോളറാണ് ഓരോ വര്‍ഷവും പഴം-പച്ചക്കറി കൃഷിയില്‍ നിന്നും ഓസ്‌ട്രേലിയയ്ക്ക് ലഭിക്കുന്ന വരുമാനം. ഇതിനെ ഇത്തരം കീടങ്ങള്‍ ബാധിക്കുന്നത് ഒഴിവാക്കാനാണ് വിദേശത്തു നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും അതിര്‍ത്തിയില്‍ തടയിടുന്നത്.
ഇതില്‍ ഏറ്റവും വലിയ നഷ്ടം വര്‍ഷം 500 മില്യണ്‍ ഡോളറിന്റെ വരവുള്ള ആപ്പിള്‍ കൃഷിക്കായിരിക്കുമെന്ന്് കൃഷി-ജലവിഭവ വകുപ്പിലെ ബയോസെക്യൂരിറ്റീസ് വിഭാഗം തലവന്‍ നിക്കോ പാഡോവന്‍ എസ് ബി എസ് തായി പരിപാടിയോട് ചൂണ്ടിക്കാട്ടി.
2. മാംസം
മാംസവും മാംസ ഉത്പന്നങ്ങളും - പ്രത്യേകിച്ചും വാണിജ്യാടിസ്ഥാനത്തില്‍ സംസ്‌കരിച്ച് പാക്ക് ചെയ്തതല്ലെങ്കില്‍ - ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ പാടില്ല. ഇവിടത്തെ ജീവി വര്‍ഗ്ഗങ്ങള്‍ക്ക്, പ്രത്യേകിച്ചും കന്നുകാലിക്കൃഷിക്ക്, അത് ഭീഷണി ഉയര്‍ത്തും എന്നാണ് ആശങ്ക.
ഫുട്ട് ആന്റ് മൗത്ത് ഡിസീസ് പോലുള്ള രോഗകാരികളായ അണുക്കള്‍ ഈ മേഖലയ്ക്ക് വലിയ തിരിച്ചടി നല്‍കിയേക്കും.
ഈ രോഗം ഓസ്‌ട്രേലിയയില്‍ പിടിപെട്ടാല്‍ പത്തു വര്‍ഷം കൊണ്ട് 50 ബില്യണ്‍ ഡോളറിന്റെയെങ്കിലും നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തലെന്ന് നിക്കോ പാഡോവന്‍ പറഞ്ഞു.
3. ചെടികളും അതിന്റെ ഭാഗങ്ങളും
ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ കൈയിലൊരു കറിവേപ്പില തൈ കൂടെ കരുതാം എന്നു കരുതുന്നെങ്കില്‍, അതു പറ്റില്ല. വളര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ഒരു ചെടികളും ഇങ്ങോട്ടു കൊണ്ടുവരാന്‍ പാടില്ല.
ചെടികള്‍ മാത്രമല്ല, വളരാന്‍ സാധ്യതയുള്ള ചെടിയുടെ ഭാഗങ്ങളും ബാഗിലുണ്ടാകരുത്.
ഇവിടത്തെ ജൈവ വ്യവസ്ഥയില്‍ മാറ്റമുണ്ടാക്കും എന്നതു മാത്രമല്ല, ഇത്തരം ചെടികളില്‍ വളരുന്ന ഇത്തിളുകള്‍ പോലുള്ള പരാദങ്ങളും, മറ്റ് രോഗങ്ങളും ഓസ്‌ട്രേിയന്‍ കൃഷി മേഖലയെ ബാധിക്കാം എന്ന ആശങ്ക കൊണ്ടാണ് ഈ നിയന്ത്രണം.
മരം കൊണ്ടുണ്ടാക്കിയ കരകൗശല വസ്തുക്കള്‍ക്കും കളിപ്പാട്ടങ്ങള്ക്കുമെല്ലാം ഈ നിയന്ത്രണം ബാധകമാണ്. അതില്‍ ചിതലോ, അല്ലെങ്കില്‍ മറ്റേതെങ്കിലും പൂപ്പലോ ഉണ്ടെങ്കില്‍ വിമാനത്താവളത്തില്‍ തടയും.

Source: Flickr
4 വിത്തുകള്‍
കൈയിലെ ബാഗില്‍ ചെറുപയറോ കടലയോ ഒക്കെ കൊണ്ടുവന്നവര്‍ക്ക് വിമാനത്താവളത്തില്‍ അതെടുത്ത് കളയേണ്ടി വരുന്നത് പതിവാണ്. മറ്റൊന്നും കൊണ്ടല്ല വിദേശത്തു നിന്നുള്ള വിത്തുകളൊന്നും ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല.
എന്നാല്‍ ഇവിടെ വളര്‍ത്താനായി ഏതെങ്കിലും വിത്തുകള്‍ കൊണ്ടുവരണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അതിനായി പ്രത്യേക പെര്‍മിറ്റ് എടുക്കാവുന്നതാണ്. ജൈവസുരക്ഷാ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി അത് കൊണ്ടുവരാം. അതിനുള്ള നടപടിക്രമങ്ങള്‍ ഇവിടെ അറിയാം.
5. മണ്ണും മണ്ണുപറ്റിയ വസ്തുക്കളും
ചെളിവെള്ളത്തില്‍ ഫുട്‌ബോള്‍ കളിച്ചിട്ട് ആ ഷൂസുമിട്ട് ഓസ്‌ട്രേലിയിലേക്ക് വരാമെന്ന് കരുതണ്ട്. വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ തടയും.
കേള്‍ക്കുമ്പോള്‍ പലര്‍ക്കും അമ്പരപ്പ് തോന്നാമെങ്കിലും മണ്ണും മണ്ണ് പറ്റിയ വസ്തുക്കളും ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ പാടില്ല എന്നതാണ് നിയമം.
ഈ മണ്ണില്‍ വിത്തുകളും, ചെടികളുടെ ഭാഗങ്ങളും, ഒപ്പം, കീടങ്ങളും വൈറസുകളും ബാക്ടീരിയകളും എല്ലാമുണ്ടാകാം.
ഓസ്‌ട്രേലിയന്‍ ജൈവ വ്യവസ്ഥയെ ഇവ തര്‍ക്കുന്നത് തടയുന്നതിന് വേണ്ടിയാണ് മണ്ണിനോട് ഈ എതിര്‍പ്പ്.
ഷൂസുകളും ചെരുപ്പുകളും മാത്രമല്ല, സൈക്കിളുകള്‍, ഫിഷിംഗ് ഉപകരണങ്ങള്‍, കളിക്കോപ്പുകള്‍ എ്ന്നിവയെല്ലാം ഇതിനായി പരിശോധന നടത്താം.

Melbourne airport biosecurity compliance Source: Department of Agriculture and Water Resources
അഥവാ എന്തിലെങ്കിലും മണ്ണ് കണ്ടെത്തിയാല്‍ വിമാനത്താവളത്തില്‍ അത് വൃത്തിയാക്കാനുള്ള സൗകര്യമുണ്ട്. പക്ഷേ കൊണ്ടുവന്നയാള്‍ അതിനുള്ള ഫീസ് നല്‍കേണ്ടി വരുമെന്ന് മാത്രം.
ഇത്തരം നിയന്ത്രണ്ങ്ങളെയും അതിന്റെ കാരണങ്ങളെയും കുറിച്ച് ജൈവസുരക്ഷാ വിഭാഗം മേധാവി നിക്കോ പാഡോവന്‍ എസ് ബി എസ് തായ് പരിപാടിയോട് സംസാരിച്ചത് ഇവിടെ കേള്‍ക്കാം
പിഴയും ജയിലും
ബാഗിലുള്ള എന്തെങ്കിലും വസ്തുക്കള്‍ പ്രശ്‌നമുണ്ടാക്കുമോ എന്ന നേരിയ സംശയമെങ്കിലുമുണ്ടെങ്കില്‍ ഒറ്റ കാര്യമേ ചെയ്യാനുള്ളൂ. ഇമിഗ്രേഷന്‍ ഫോമില്‍ അക്കാര്യം എഴുതുക - അഥവാ ഡിക്ലയര്‍ ചെയ്യുക.
അങ്ങനെ ഡിക്ലയര്‍ ചെയ്യാതിരുന്നാല്‍ കടുത്ത ശിക്ഷയാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. 420 ഡോളര്‍ മുതലാണ് ഇത്തരം വസ്തുക്കള്‍ കൊണ്ടുവരുന്നതിനുള്ള പിഴ തുടങ്ങുന്നത്. അത് ലക്ഷക്കണക്കിന് ഡോളര്‍ വരെയായി ഉയരാം.
മാത്രമല്ല, പത്തു വര്‍ഷം വരെ ജയില്‍ശിക്ഷയും കിട്ടാവുന്ന കുറ്റമാണ് ഇത്.
അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയന്‍ യാത്രക്ക് മുമ്പ് ഓസ്‌ട്രേലിയന്‍ കൃഷിവകുപ്പിന്റെ വെബ്‌സൈറ്റ് പരിശോധിക്കുകയോ, അല്ലെങ്കില്‍ 1800 1900 090 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാം.
എന്നിട്ടും സംശയമുണ്ടെങ്കില്‍ - ഇമിഗ്രേഷന്‍ ഫോമില്‍ ഡിക്ലയര്‍ ചെയ്യുക!