Feature

ഓസ്ട്രേലിയയിലുള്ള OCI കാർഡുടമകൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയുമോ? അറിയേണ്ട കാര്യങ്ങൾ...

വിദേശ പൗരൻമാർക്ക് ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ, ഓസ്ട്രേലിയയിലുള്ള OCI കാർഡുടമകൾക്ക് ഇന്ത്യയിലേക്ക് പോകാൻ ഇനിയെന്തൊക്കെ കടമ്പകൾ കടക്കണം എന്നറിയാം.

India extends flight ban

Source: Wikimedia/mitrebuad

എട്ടു മാസത്തിനു ശേഷമാണ് OCI കാർഡുടമകൾക്കും മറ്റു വിദേശ പൗരൻമാർക്കും ഇന്ത്യയിലേക്ക് യാത്രാ അനുമതി നൽകുന്നത്.

ഫെബ്രുവരിയിൽ യാത്രാ വിലക്കേർപ്പെടുത്തിയ ശേഷം ചില നിർദ്ദിഷ്ട സാഹചര്യങ്ങളിലുള്ളവർക്ക് മാത്രമായിരുന്നു ഇളവ് പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ ഇനി എല്ലാ വിദേശപൗരൻമാർക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യാം എന്നാണ് പ്രഖ്യാപനം.

ടൂറിസ്റ്റ് വിസകളിലൊഴികെ മറ്റെല്ലാ വിസകളിലും യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, യാത്ര ചെയ്യാൻ ഇപ്പോഴും എല്ലാ തടസ്സങ്ങളും മാറിയിട്ടില്ല.

എങ്ങനെ യാത്ര ചെയ്യാം?

OCI കാർഡുടമകളെയും മറ്റു വിദേശ പൗരൻമാരെയും അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, ഇന്ത്യയുടെ വ്യോമാതിർത്തികൾ പൂർണമായി തുറന്നിട്ടില്ല.

അതായത്, വാണിജ്യ യാത്രാ വിമാനങ്ങൾക്ക് ഇപ്പോഴും ഇന്ത്യയിൽ ലാൻഡ് ചെയ്യാൻ അനുമതിയില്ല.

വന്ദേഭാരത് മിഷൻ വിമാനങ്ങളിലോ, ചാർട്ടേഡ് വിമാനങ്ങളിലോ മാത്രമാണ് ഇപ്പോഴും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയുക.

വന്ദേഭാരത് വിമാനങ്ങൾ

വിദേശത്തു കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനായി പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായി കൂടുതൽ വിമാനസർവീസുകൾ ഓസ്ട്രേലിയയിൽ നിന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
vande bharat mission
Source: twitter.com/HCICanberra
ശരാശരി ഓരോ ആഴ്ചയിലും രണ്ടു വിമാന സർവീസുകൾ വീതമാണ് എയർ ഇന്ത്യ നടത്തുന്നത്.

ഇതിന്റെ പുതിയ ഷെഡ്യൂൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു.

ഇനി ഇന്ത്യയിലേക്കുള്ള വന്ദേഭാരത് സർവീസുകൾ ഇങ്ങനെയാണ് 

  • 25-Oct-20 MELBOURNE - DELHI
  • 30-Oct-20 SYDNEY -  DELHI
  • 01-Nov-20 MELBOURNE - DELHI
  • 02-Nov-20 SYDNEY - DELHI
  • 09-Nov-20 SYDNEY - DELHI
  • 13-Nov-20 SYDNEY - DELHI
  • 16-Nov-20 SYDNEY - DELHI
  • 20-Nov-20 SYDNEY - DELHI

എന്നാൽ എല്ലാ വന്ദേഭാരത് വിമാനങ്ങളും ഡൽഹിയിലേക്കാണ് എന്നതിനാൽ, കേരളത്തിലേക്ക് പോകേണ്ടവർക്ക് ഡൽഹിയിൽ നിന്ന് ആഭ്യന്തര സർവീസുകൾ ഉപയോഗിക്കേണ്ടി വരും.

ഇതിനു പുറമേ, ഓസ്ട്രേലിയക്കാരെ തിരിച്ചെത്തിക്കാനായി ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ച ക്വാണ്ടസ് വിമാനങ്ങളിലും ഇന്ത്യയിലേക്ക്പോകാൻ കഴിയും.

സിഡ്നിയിൽ നിന്ന് ഡൽഹിയിലേക്ക് നാലു ക്വാണ്ടസ് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

    • 25 October
    • 8 November
    • 22 November
    • 26 November
എന്നാൽ ഇതിൽ എത്ര പേരെ വീതം കൊണ്ടുപോകുമെന്ന് വ്യക്തമല്ല. 

ചാർട്ടേർഡ് വിമാനങ്ങൾ

ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ നിന്ന് ഇതിനകം നിരവധി ചാർട്ടേഡ് വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തിയിട്ടുണ്ട്.

കേരളത്തിലേക്കും മറ്റു ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കും നിലവിലും ചാർട്ടേഡ് വിമാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി കൂട്ടായ്മകളാണ് ഇത്തരത്തിൽ വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നത്.

എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)

എന്നാൽ, പല കൂട്ടായ്മകളും ചാർട്ടേഡ് വിമാനങ്ങൾ പ്രഖ്യാപിക്കുകയും, പിന്നീട് യാത്രക്കാരില്ല എന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കുകയും ചെയ്തിരുന്നു.

ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് ഈ ചാർട്ടേർഡ് വിമാനങ്ങൾ ഭൂരിഭാഗവും പോകുന്നത്.

ഓസ്ട്രേലിയയിൽ നിന്ന് പോകണമെങ്കിൽ

OCI കാർഡുടമകൾക്ക് ഇന്ത്യൻ സർക്കാർ രാജ്യത്തേക്കെത്താൻ അനുമതി നൽകിയെങ്കിലും, ഓസ്ട്രേലിയയിൽ നിന്ന് പോകുന്നത് അത്ര എളുപ്പമാകില്ല.

ഓസ്ട്രേലിയൻ പൗരൻമാരും സ്ഥിരം റെസിഡന്റുമാരും വിദേശത്തേക്ക് യാത്ര ചെയ്യരുത് എന്ന നിർദ്ദേശമാണ് ഓസ്ട്രേലിയൻ സർക്കാർ നൽകിയിരിക്കുന്നത്.
അഥവാ യാത്ര ചെയ്യണമെങ്കിൽ ബോർഡർ ഫോഴ്സിൽ നിന്ന് പ്രത്യേക ഇളവ് നേടണം.

ഇത്തരത്തിൽ ഇളവു ലഭിക്കാതെ വന്ദേഭാരത് വിമാനങ്ങളിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്ത പലർക്കും വിമാനത്തിൽ കയറാൻ കഴിയാതെ മടങ്ങേണ്ടി വന്നിട്ടുണ്ട്.

ഏതൊക്കെ സാഹചര്യങ്ങളില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് വിദേശത്തേക്ക് പോകാന്‍ ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  • അടിയന്തര ചികിത്സയ്ക്കായുള്ള യാത്ര - ആ ചികിത്സ ഓസ്‌ട്രേലിയയില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍
  • അടിയന്തര സ്വഭാവമുള്ളതും, ഒഴിവാക്കാന്‍ കഴിയാത്തതുമായ വ്യക്തിഗത ആവശ്യങ്ങള്‍ക്ക്
  • ഉറ്റ ബന്ധുക്കളുടെ മരണമോ രോഗമോ പോലുള്ള സാഹചര്യങ്ങളില്‍ (compassionate and humanitarian reasons)
  • കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യാത്ര
  • അവശ്യസ്വഭാവമുള്ള ബിസിനസുകളുടെയും വ്യവസായങ്ങളുടെയും ഭാഗമായുള്ള യാത്ര
  • രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള യാത്ര
 ഇളവിനായി എങ്ങനെ അപേക്ഷിക്കാം എന്ന് ഇവിടെ അറിയാം

എത്ര പേർ യാത്ര ചെയ്യും?

OCIക്കാർക്ക് യാത്രാ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഓസ്ട്രേലിയയിലുള്ള എത്രപേർ ഇപ്പോൾ യാത്ര ചെയ്യാൻ ശ്രമിക്കും എന്ന കാര്യം സംശയമാണെന്ന് സിഡ്നിയിൽ ട്രാവൽ ഏജന്റായ ജിജു പീറ്റർ എസ് ബി എസ് മലയാളത്തോട് ചൂണ്ടിക്കാട്ടി.

വന്ദേഭാരത് വിമാനങ്ങളിലും മറ്റും ഇന്ത്യയിലേക്ക് പോയ പലർക്കും ഏറെ പ്രതിസന്ധികൾ തരണം ചെയ്തു മാത്രമാണ് തിരിച്ചെത്താൻ കഴിഞ്ഞത്.
തിരിച്ച് ഓസ്ട്രേലിയയിൽ എത്തിയാലും നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ പോകുകയും വേണം.

അതിനാൽ തന്നെ ഈ യാത്രാ ഇളവ് പ്രയോജനപ്പെടുത്താൻ ഒരുപാട് പേർ ശ്രമിച്ചേക്കില്ല എന്നാണ് ജിജു പീറ്റർ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ, അത്യാവശ്യ ഘട്ടങ്ങളിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയും എന്ന ഉറപ്പ് ആശ്വാസകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, ഉടൻ തിരിച്ചേണ്ടതില്ല എന്ന സാഹചര്യങ്ങളിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കും ഇത് പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

Share

Published

Updated

By Deeju Sivadas

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
ഓസ്ട്രേലിയയിലുള്ള OCI കാർഡുടമകൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയുമോ? അറിയേണ്ട കാര്യങ്ങൾ... | SBS Malayalam