കൊറോണവൈറസ് ബാധ രൂക്ഷമായതിനെത്തുടർന്ന് മാർച്ച് 22നാണ് ഇന്ത്യ രാജ്യാന്തര യാത്രാ വിമാനങ്ങൾ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
പല തവണ ഈ വിലക്ക് നീട്ടിയിരുന്നു.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് സെപ്റ്റംബർ 30വരെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്ക് അനുവാദം നൽകില്ല എന്ന് പുതിയ ഉത്തരവിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
എന്നാൽ കാർഗോ വിമാനങ്ങൾക്കും, അനുമതി ലഭിച്ച ചാർട്ടേർഡ് വിമാനങ്ങൾക്കും നിലവിലുള്ളതുപോലെ സർവീസ് നടത്താം.
ആഭ്യന്തര വിമാനസർവീസുകൾ സാധാരണ ഷെഡ്യൂളിന്റെ 50 ശതമാനമെങ്കിലും സർവീസ് നടത്തുമ്പോൾ മാത്രമേ രാജ്യാന്തര സർവീസുകൾക്ക് അനുമതി നൽകൂ എന്നാണ് വ്യോമയാന മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നത്.
മേയ് മാസത്തിൽ പുനരാരംഭിച്ച ആഭ്യന്തര സർവീസുകൾ ഇപ്പോഴും ഷെഡ്യൂളിന്റെ 35 ശതമാനം സർവീസുകൾ മാത്രമാണ് എത്തിയിട്ടുള്ളത്.
ട്രാവൽ ബബിളുകൾ
അതേസമയം, വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ ട്രാവൽ ബബിൾ കരാറുകളെ ഈ യാത്രാ വിലക്ക് ബാധിക്കില്ലെന്നും DGCA വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, UAE, ഖത്തർ, മാലദ്വീപ് എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ ട്രാവൽ ബബിൾ കരാർ ഉണ്ടാക്കിയിരിക്കുന്നത്.
ഓസ്ട്രേലിയയും ന്യൂസിലന്റും ഉൾപ്പെടെ നിരവധി മറ്റു രാജ്യങ്ങളുമായി ട്രാവൽ ബബിളിന് ശ്രമിക്കുമെന്ന് വ്യോമയാനമമന്ത്രി എച്ച് എസ് പുരി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഓസ്ട്രേലിയൻ ട്രാവൽ ബബിളിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണ് ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ.
കൊറോണവൈറസ് സാമൂഹിക വ്യാപനം കൂടിയ ഇന്ത്യ പോലുള്ള രാജ്യങ്ങളുമായി അതിർത്തി തുറക്കുന്നത് വൈകിയേക്കും എന്ന് നേരത്തേ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞിരുന്നു.
രാജ്യാന്തര വിദ്യാർത്ഥികളെ സൗത്ത് ഓസ്ട്രേലിയയിലേക്ക് പൈലറ്റ് അടിസ്ഥാനത്തിൽ കൊണ്ടുവരാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ കാത്തിരിക്കേണ്ടി വരും എന്ന് ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഓ ഫാരലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യയിൽ ഒരു ദിവസത്തെ പുതിയ കൊവിഡ് ബാധ ലോകത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താകും ട്രാവൽ ബബിളിന്റെ കാര്യം ഓസ്ട്രേലിയ തീരുമാനിക്കുക.