Highlights
- നിരോധിത വസ്തുക്കൾ കൊണ്ടുവരുന്നവർക്ക് 2,664 ഡോളർ പിഴ, വിസ റദ്ദാക്കും
- 2021 ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും
- വിദ്യാർത്ഥി വിസയിലും താത്കാലിക വിസയിലുള്ളവർക്കും ബാധകം
നിലവിൽ ഓസ്‌ട്രേലിയയിലേക്ക് നിരോധിത വസ്തുക്കൾ കൊണ്ടുവരികയും ഇവ ഡിക്ലയർ ചെയ്യുന്നതിൽ വീഴ്ച വരുത്തുകയും ചെയ്യുന്ന സന്ദർശക വിസയിൽ ഉള്ളവരുടെ മാത്രമാണ് വിസ റദ്ദാക്കുന്നത്.
എന്നാൽ ഓസ്ട്രേലിയയിലേക്ക് വിദ്യാർത്ഥി വിസയിലും, താത്കാലിക വിസയിലും എത്തുന്നവർക്കും കൂടി ബാധകമാകുന്ന നിയമമാണ് ബുധനാഴ്ച സർക്കാർ പാസാക്കിയത്.
കൈവശമുള്ള നിരോധിത സാധനങ്ങളെക്കുറിച്ച് ഡിക്ലയർ ചെയ്യാത്ത പക്ഷം 2,664 ഡോളർ വരെ പിഴ ലഭിക്കുകയും, ഇവരുടെ വിസ റദ്ദാക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം. ഇതിനായുള്ള തീരുമാനം കൈക്കൊള്ളാൻ അധികൃതർക്ക് നിയമം അനുവാദം നൽകുന്നുണ്ട്.
ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുന്ന ഡിക്ലയർ ചെയ്യാത്ത എല്ലാ നിരോധിത വസ്തുക്കൾക്കും നിലവിൽ 444 ഡോളറാണ് പിഴ.
പുതിയ നിയമ പ്രകാരം കൊണ്ടുവരുന്ന വസ്തുക്കൾ ജൈവസുരക്ഷക്ക് എത്രത്തോളം ഭീഷണി ഉയർത്തുന്നു എന്ന് ബയോസെക്യൂരിറ്റി ഡയറക്ടർ തീരുമാനിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും പിഴയുടെ കാഠിന്യം നിർണയിക്കുന്നതെന്ന് കാർഷിക മന്ത്രി ഡേവിഡ് ലിറ്റിൽപ്രൗഡ് വ്യക്തമാക്കി.
2021 ജനുവരി ഒന്ന് മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്.
അതേസമയം ഗൗരവകരവും മനഃപൂർവവുമായ നിയമ ലംഘനങ്ങൾ നടത്തുന്നവരെയാകും നിയമം ബാധിക്കുന്നതെന്നും, നിയമ ലംഘനത്തിന്റെ ഗൗരവം കണക്കിലെയതാകും താത്കാലിക വിസ റദ്ദാക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതുവഴി അതിർത്തിയിൽ ഒരു സുരക്ഷാപാളി കൂടി തീർക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുന്ന എല്ലാ ഭക്ഷണ സാധനങ്ങളും നിരോധിത വസ്തുക്കളും ഇൻകമിംഗ് പാസ്സഞ്ചർ കാർഡിലോ ക്രൂ ഡിക്ളറേഷനിലോ ഡിക്ലയർ ചെയ്യേണ്ടതാണ്.
കൈവശമുള്ള സാധനങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരാമോ എന്ന് സംശയം തോന്നുന്ന സാഹചര്യത്തിലും ഇവ ഡിക്ലയർ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം കഠിന പിഴ ലഭിക്കുകയോ വിസ റദ്ദാക്കി തിരിച്ചയയ്ക്കുകയോ ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയയിലെ ജൈവ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി ഭക്ഷണസാധനങ്ങളും, ചെടികളുടെയും മരങ്ങളുടെയോ ഭാഗങ്ങളും, മത്സ്യ-മാംസാദികളുമൊക്കെ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. കൂടാതെ ഗൗരവകരമായ നിയമലംഘനം നടത്തിയതായി കണ്ടെത്തിയാൽ ഇവർക്ക് 444,000 ഡോളർ പിഴയും പത്ത് വര്ഷം വരെ ജയിൽ ശിക്ഷയും ലാഭിക്കാം
നിരോധിത വസ്തുക്കൾ കൊണ്ടുവരികയും വിമാനത്താവളത്തിൽ വച്ച് അധികൃതരോട് കള്ളം പറയാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ വിസ റദ്ദാക്കുന്ന നിയമം 2019ൽ നടപ്പാക്കിയിരുന്നു. ഈ നിയമം അനുസരിച്ച് 2019 ഒക്ടോബർ മുതൽ 14 വിസകളാണ് റദ്ദാക്കിയിരിക്കുന്നത്.