കൊറോണവൈറസ് ബാധയെ തുടർന്നുള്ള അതിർത്തി നിയന്ത്രണങ്ങളുടെ ഭാഗമായി, രാജ്യത്തേക്ക് തിരിച്ചെത്താൻ കഴിയുന്നവരുടെ എണ്ണം സർക്കാർ നിയന്ത്രിച്ചിരുന്നു.
ആഴ്ചയിൽ നാലായിരം പേരെ മാത്രമാണ് രാജ്യത്തേക്ക് തിരിച്ചെത്താൻ ഇപ്പോൾ അനുവദിക്കുന്നത്.
ഇങ്ങനെ തിരിച്ചെത്തുന്നവർ സ്വന്തം ചെലവിൽ നിർബന്ധിത ഹോട്ടൽ ക്വാറന്റൈന് വിധേയമാകുകയും വേണം.
ആദ്യ ഘട്ടത്തിൽ തിരിച്ചെത്തുന്നവരുടെ എണ്ണത്തിന് നിയന്ത്രണമില്ലായിരുന്നുവെങ്കിലും, ഹോട്ടൽ ക്വാറന്റൈന് മേലുള്ള സമ്മർദ്ദം കൂടിയപ്പോഴാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
ഇതിനു പുറമേ ഓരോ സംസ്ഥാനങ്ങളും ആഴ്ചയിൽ അനുവദിക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൽ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഓസ്ട്രേലിയൻ പൗരൻമാരെയും പെർമന്റ് റെസിഡന്റ്സിനെയും ഇത് രൂക്ഷമായി ബാധിക്കുന്നു എന്ന് ചൂണ്ടക്കാട്ടിയാണ് ഓസ്ട്രേലിയൻ പാർലമെന്റെ വെബ്സൈറ്റ് വഴിയുള്ള പെറ്റീഷൻ തുടങ്ങിയിരിക്കുന്നത്.
Repeal Flight Restrictions and Paid Quarantine for Returning Australians എന്ന പേരിലെ പെറ്റീഷനിൽ ഇതിനകം 8,500ലേറെ പേർ ഒപ്പുവച്ചുകഴിഞ്ഞു.
വിദേശത്തു കുടങ്ങിക്കിടക്കുന്ന ഓരോരുത്തരുടെയും സാമ്പത്തിക സാഹചര്യവും, മാനസികസ്ഥിതിയും വ്യത്യസ്തമാണെന്നും, ഇത് കൂടുതൽ മോശമാക്കുന്നതാണ് സർക്കാരിന്റെ നടപടിയെന്നും പെറ്റീഷനിൽ പറയുന്നു.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി
ഇതിനൊപ്പം, വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ നീരസം ഉണ്ടാക്കുന്നതാണ് സർക്കാരും മാധ്യമങ്ങളും ഉപയോഗിക്കുന്ന ഭാഷയെന്നും നിവേദനത്തിൽ കുറ്റപ്പെടുത്തുന്നു.


അതിനാൽ വിമാനനിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും, ക്വാറന്റൈൻ ചെലവ് സർക്കാർ തന്നെ വഹിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം.
ഓസ്ട്രേലിയക്കാർ രാജ്യത്തിനകത്തായാലും പുറത്തായാലും അവരെ സംരക്ഷിക്കാനുള്ള കടമ സർക്കാരിനുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിവേദനം അവസാനിപ്പിക്കുന്നത്.
ഓസ്ട്രേലിയൻ പാർലമെന്റിന്റെ ശ്രദ്ധയിൽ വിഷയങ്ങൾ ജനങ്ങൾക്ക് നേരിട്ട് കൊണ്ടുവരാനുള്ള അവസരാണ് പാർലമെന്ററി പെറ്റീഷൻ നൽകുന്നത്.