ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിൽ ഈ വർഷം 80 ശതമാനം ഇടിവുണ്ടാകുമെന്ന് സർക്കാർ

കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള യാത്രാ വിലക്കുകൾ മൂലം ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിൽ 2020-21 സാമ്പത്തികവർഷം 80 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് ഫെഡറൽ സർക്കാർ സൂചിപ്പിച്ചു.

News

Australia Visa Source: Stock Image

ഓസ്ട്രേലിയയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ട്രഷറി പുറത്തുവിട്ട ഇടക്കാല റിപ്പോർട്ടിലാണ് കുടിയേറ്റ സാഹചര്യം വിശദമാക്കിയത്.

രാജ്യത്തിന്റെ ബജറ്റ് കമ്മി റെക്കോർഡ് നിരക്കിലേക്ക് കുതിച്ചുയരുമെന്നും, പൊതുകടം കൂടുമെന്നുമുള്ള വിലയിരുത്തലാണ് ട്രഷറി നടത്തിയിരിക്കുന്നത്.

തൊഴിലില്ലായ്മാ നിരക്ക് ഡിസംബറോടെ 9.25 ശതമാനമായി ഉയരുമെന്നും ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് വ്യക്തമാക്കിയിരുന്നു.
ഇതോടൊപ്പമാണ് രാജ്യത്തേക്കുള്ള ആകെ കുടിയേറ്റത്തിൽ ഇടിവുണ്ടാകുമെന്നും സാമ്പത്തിക റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്.

2019-2020ൽ 1,54,000 ആയിരുന്നു രാജ്യത്തെ ആകെ കുടിയേറ്റം, അഥവാ നെറ്റ് ഓവർസീസ് മൈഗ്രേഷൻ (NOM). ഇത് 2020-21ൽ 31,000 ആയി കുറയുമെന്ന് ട്രഷറി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

“മാർച്ച് 2020 ൽ ഏർപ്പെടുത്തിയ രാജ്യാന്തര യാത്രാ വിലക്കിനു ശേഷം സന്ദർശക വിസയിലും താൽക്കാലിക കുടിയേറ്റ വിസകളിലുമെത്തുന്നവരുടെ എണ്ണം കുറഞ്ഞു,” റിപ്പോർട്ട് വ്യക്തമാക്കി.
ആകെ കുടിയേറ്റം 2018-19ൽ 2,32,000 ആയിരുന്നത് 2019-20ൽ 1,54,000 ആയും, 2020-21ൽ 31,000 ആയും കുറയും ട്രഷറി റിപ്പോർട്ട്
യാത്രാ വിലക്കുകൾക്ക് പുറമേ, വിസയ്ക്ക് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാൻ അപേക്ഷകർക്ക് കഴിയാത്ത സാഹചര്യവും ഇതിനു കാരണമാകുമെന്ന് സർക്കാർ സൂചിപ്പിച്ചു.

2020 ജൂലൈയ്ക്കും ഡിസംബറിനും ഇടയിൽ ഓസ്ട്രേലിയൻ പൗരന്മാർക്കും, പെർമനന്റ് റെസിഡന്റ്സിലും, ന്യൂസിലന്റ് പൗരൻമാർക്കും ചെറിയൊരു ഭാഗം വിദ്യാർത്ഥികൾക്കും മാത്രമേ രാജ്യത്തേക്ക് വരാൻ കഴിയൂ എന്നാണ് ട്രഷറി വ്യക്തമാക്കിയിരിക്കുന്നത്.

ജനുവരിയോടെ അതിർത്തികൾ തുറന്നേക്കാം എന്ന സൂചനയും റിപ്പോർട്ട് നൽകുന്നുണ്ട്.

എന്നാൽ രാജ്യത്തേക്കെത്തുന്ന എല്ലാവർക്കും 14 ദിവസത്തെ ക്വാറന്റൈൻ തുടരും എന്നാണ് സൂചിപ്പിക്കുന്നത്.

ഈ സമയത്ത് പുതിയ പെർമനന്റ് വിസ ലഭിക്കുന്നവരും താൽക്കാലിക കുടിയേറ്റക്കാരും വീണ്ടും വന്നു തുടങ്ങുമെന്നും, എന്നാൽ പരിമിതമായ തോതിൽ മാത്രമേ അത് സാധ്യമാകൂ എന്നും സർക്കാർ വിലയിരുത്തുന്നുണ്ട്.

അതിർത്തി തുറക്കുന്നതിൽ സ്ഥിരീകരണമില്ല

ജനുവരിയോടെ അതിർത്തികൾ തുറക്കുമെന്ന് ട്രഷറി റിപ്പോര്ട്ടിൽ സൂചിപ്പിച്ചെങ്കിലും, ഇക്കാര്യം സ്ഥിരീകരിക്കാൻ ട്രഷറര് ജോഷ് ഫ്രൈഡൻബർഗ് തയ്യാറായില്ല.

കൊറോണവൈറസ് സാഹചര്യം എപ്പോഴും മാറിമറിയുകയാണെന്നും, അതിനാൽ അതിർത്തി തുറക്കുന്ന കാര്യത്തിൽ തീരുമാനങ്ങൾ ഇപ്പോൾ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Budget 2020
Budget 2020 Source: SBS
അതേസമയം, രാജ്യത്തേക്കുള്ള കുടിയേറ്റം കുറയുന്നത് സാമ്പത്തിക സ്ഥിതിയെ കൂടുതൽ ബാധിക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ദേശീയ വരുമാനത്തിൽ ഈ വർഷം 50 ബില്യൺ ഡോളറിന്റെ ഇടിവ് ഇതിലൂടെ ഉണ്ടാകും എന്നാണ് ഡെലോയിറ്റിലെ സാമ്പത്തിക വിദഗ്ധൻ ക്രിസ് റിച്ചാർഡ്സൻ സൂചിപ്പിച്ചത്.

കൊറോണ പ്രതിസന്ധി കഴിയുമ്പോൾ ഓസ്ട്രേലിയ കുടിയേറ്റ നിരക്ക് കൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


Share

Published

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service