2015 ഒക്ടോബർ 14നായിരുന്നു കൊല്ലം പുനലൂർ സ്വദേശിയായ സാം എബ്രഹാമിനെ മെൽബൺ എപ്പിംഗിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് സോഫിയ പൊലീസിനെ അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ സയനൈഡ് ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ മാസങ്ങൾ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പൊലീസ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തത്.
ഇരുവരും കുറ്റക്കാരാണെന്ന് കേസിൽ വാദം കേട്ട ജൂറി നേരത്തേ വിധിച്ചിരുന്നു.
വിധിയുടെ വിശദാംശങ്ങൾ
കേസിൽ വാദം കേട്ട വിക്ടോറിയൻ സുപ്രീം കോടതി രാവിലെ പത്തേമുക്കാലോടെയാണ് വിധി പറഞ്ഞത്. മുക്കാൽ മണിക്കൂർ നീണ്ട വിധിപ്രസ്താവം കേൾക്കാൻ അരുൺ കമലാസനനും സോഫിയയും കോടതിയിലെത്തിയിരുന്നു.
27 വർഷം ജയിൽശിക്ഷക്ക് വിധിച്ച അരുണിന്, 23 വർഷം കഴിയാതെ പരോൾ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. 22 വർഷം തടവു ലഭിച്ച സോഫിയക്ക് പരോൾ ലഭിക്കാൻ 18 വർഷം കാത്തിരിക്കേണ്ടി വരും.
സോഫിയ പശ്ചാത്തപിക്കുന്നില്ല
"സോഫിയ ഇപ്പോഴും ചെയ്തുപോയതിൽ പശ്ചാത്തപിക്കുന്നതായി കരുതാൻ കഴിയില്ല" എന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതി 22 വർഷത്തെ തടവു വിധിച്ചത്. ഇതിനു സമാനമായ മറ്റൊരു കേസു പോലും തനിക്ക് കാണാൻ കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് കോഗ്ലാൻ വ്യക്തമാക്കി.
ഒമ്പതു വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷ കുറച്ചു നൽകണമെന്ന് സോഫിയ അഭ്യർത്ഥിച്ചിരുന്നു. മകൻ ഇപ്പോൾ സോഫിയയുടെ സഹോദരിക്കൊപ്പമാണ് എന്ന കാര്യം വിധിയിൽ പരാമർശിച്ച കോടതി, എന്നാൽ കൊലപാതകത്തിൽ സോഫിയയ്ക്ക് വ്യകത്മായ പങ്കുണ്ട് എന്ന പരാമർശത്തോടെയാണ് വിധി പറഞ്ഞത്.
സോഫിയയുടെ അറിവില്ലാതെ സാം കൊല്ലപ്പെടില്ലായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഏതു തരത്തിൽ നേരിട്ടുള്ള പങ്കാണ് സോഫിയയ്ക്ക് ഉള്ളത് എന്ന കാര്യം വ്യക്തമല്ലെന്നും കോടതി പറഞ്ഞു.
വ്യക്തമായ പ്ലാനിംഗോടെയുള്ള കൊലപാതകം
മൂന്നു വർഷത്തോളം നീണ്ട വ്യക്തമായ പദ്ധതി തയ്യാറാക്കിയ ശേഷം നടത്തിയ കൊലപാതകമായിരുന്നു ഇതെന്നും, അരുൺ കമലാസനനമായിരുന്നു അതിന്റെ ആസൂത്രകനെന്നും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.
എങ്ങനെ പദ്ധതി തയ്യാറാക്കിയെന്നും കൊലപാതകം നടപ്പാക്കിയെന്നും വളരെ വ്യക്തമായി തന്നെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുൺ പറയുന്നുണ്ട്. ഇക്കാര്യം വിധിപ്രസ്താവത്തിൽ കോടതി ചൂണ്ടിക്കാട്ടി.
തനിക്ക് കടുത്ത മാനസികപ്രശ്നങ്ങളുണ്ടെന്നും അതിനാൽ ശിക്ഷ ഇളവു ചെയ്യണമെന്നും നേരത്തേ അരുൺ വാദിച്ചിരുന്നു. എന്നാൽ മാനസികപ്രശ്നങ്ങളുണ്ട് എന്ന വാദം പൂർണമായും വിശ്വസിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. മാനസികപ്രശ്നങ്ങളുള്ളതിന് വ്യക്തമായ തെളിവില്ല.
അരുണിന് ശിക്ഷ കിട്ടുന്നത് കേരളത്തിലുള്ള ഭാര്യയും കുട്ടിയും പ്രായമായ അച്ഛനമ്മമാരെയുമായിരിക്കും ഏറ്റവുമധികം ബാധിക്കുക. അരുണിന്റെ അച്ഛനമ്മമാരും ഭാര്യയും കോടതിക്ക് കത്തെഴുതുകയും ചെയ്തിരുന്നു എന്ന് ജഡ്ജി പറഞ്ഞു. എന്നാൽ അരുണിന്റെ തന്നെ നടപടികളാണ് അവരെ ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
തെളിവായത് അരുണിന്റെ വെളിപ്പെടുത്തൽ
സോഫിയയെയും അരുണിനെയും പിന്തുടർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയ തെളിവുകളാണ് കേസിൽ നിർണ്ണായകമായത്. സാം എബ്രഹാമിനെ താൻ കൊല്ലുകയായിരുന്നുവെന്ന് അരുൺ കമലാസനൻ തന്നെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു.
എങ്ങനെയാണ് സാമിന്റെ വീട്ടിൽ കടന്നതെന്ന കാര്യം ഉൾപ്പെടെ സ്കെച്ചായി വരച്ചുകാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും, അരുൺ അതേക്കുറിച്ച് പറയുന്നതിന്റെ ഓഡിയോ റെക്കോർഡിംഗും പൊലീസ് കോടതിയിൽ ഹാജരാക്കി.
ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തിയ ശേഷം ഉറങ്ങിക്കിടന്ന സാമിന്റെ വായിലേക്ക് ഏറെ നേരമെടുത്ത് ഒഴിച്ചുകൊടുത്തതാകാം എന്ന് ഫോറൻസിക് വിദഗ്ധരും കോടതിയിൽ മൊഴി നൽകി. അടുത്തിരുന്ന തല ഉയർത്തിപ്പിടിച്ചാകാം സയനൈഡ് കലർത്തിയ ജ്യൂസ് ഒഴിച്ചുകൊടുത്തത് എന്നാണ് മൊഴി.
സോഫിയ അറിയാതെ അരുണിന് ഇത്ര കൃത്യമായി കൊലപാതകം നടപ്പാക്കാൻ കഴിയില്ല എന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. സോഫിയയും അരുണും തമ്മിലുണ്ടാക്കിയ "കരാറോ, ധാരണയോ" പ്രകാരമാണ് കൊല നടന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കൊലപാതകം പ്രതികൾക്ക് ഒരുമിച്ച് ജീവിക്കാൻ
വിവാഹത്തിനു മുമ്പു തന്നെ പ്രണയത്തിലായിരുന്ന അരുണിനും സോഫിയയ്ക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് സാമിനെ കൊല ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന്റെ കണ്ടെത്തൽ.
ഇരുവരും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതിന് രണ്ടു പേരുടെയും ഡയറിക്കുറിപ്പുകളും, സാമിന്റെ മരണത്തിനു ശേഷവും ഇരുവരും ഒരുമിച്ച് പോകുന്ന സി സി ടി വി ദൃശ്യങ്ങളുമെല്ലാം ഹാജരാക്കി. ഇരുവരും തമ്മിലുള്ള ആറായിരത്തോളം ടെലിഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളുമാണ് പൊലീസ് പരിശോധിച്ചത്.
സോഫിയയും അരുണും സംയുക്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയതും, സാമിന്റെ പേരിലുള്ള കാർ മരണ ശേഷം അരുണിന്റെ പേരിലേക്ക് മാറ്റിയതുമെല്ലാം നിർണ്ണായക തെളിവായാണ് പ്രോസിക്യൂഷൻ ജൂറിക്ക് മുന്നിൽ ഹാജരാക്കിയത്.