പെർത്തിൽ മരിച്ച മലയാളിപെൺകുട്ടിയുടെ സംസ്കാരം നാളെ; മരണകാരണം ഇതുവരെയും വ്യക്തമായില്ല

Aiswarya Aswath's funeral services on Saturday

Source: Supplied

പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലെ എമർജൻസി വാർഡിൽ മരിച്ച ഐശ്വര്യ അശ്വതിന്റെ മൃതദേഹം നാളെ സംസ്കരിക്കും. ഐശ്വര്യയുടെ മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്ന് കുടുംബവക്താവ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.


ഏപ്രിൽ മൂന്ന് ശനിയാഴ്ചയായിരുന്നു ഐശ്വര്യ അശ്വത് എന്ന ഏഴുവയസുകാരി പെർത്ത് ചിൽഡ്രൻസ് ആശുപത്രിയുടെ എമർജൻസി വാർഡിൽ മരിച്ചത്.

കടുത്ത പനിമൂലം അച്ഛനുമമ്മയും ആശുപത്രിയിലെത്തിച്ച ഐശ്വര്യക്ക്, രണ്ടു മണിക്കൂറോളം എമർജൻസി വാർഡിൽ ചികിത്സക്കായി കാത്തിരിക്കേണ്ടിവന്നിരുന്നു.

തുടർന്ന് പരിശോധിച്ച ഡോക്ടർമാർ അടിയന്തരമായി “കോഡ് ബ്ലൂ”  പ്രഖ്യാപിച്ച് ചികിത്സ നടത്തിയെങ്കിലും, അൽപസമയത്തിനകം ഐശ്വര്യ മരിച്ചു.

മരണം നടന്ന് രണ്ടാഴ്ച തികയുന്ന ദിവസമാണ് ഐശ്വര്യയുടെ അന്ത്യകർമ്മങ്ങൾ നടത്തുന്നത്.
Aiswarya Aswath
Aiswarya Aswath was declared dead within 15 minutes of the arrival of doctors. Source: Supplied by Suresh Rajan
ശനിയാഴ്ച രാവിലെ പെർത്ത് സമയം 11.15മുതൽ, പാഡ്ബറിയിലുള്ള പിന്നാരൂ വാലി മെമ്മോറിയൽ പാർക്കിലാണ് സംസ്കാര ചടങ്ങുകൾ.

അതിന് മുമ്പ്, രാവിലെ 8.15 മുതൽ 10.30 വരെ ഗ്രീൻവുഡ്-വാർവിക്ക് കമ്മ്യൂണിറ്റി സെന്ററിൽ പൊതുദർശനവുമുണ്ടാകും.
ഐശ്വര്യയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും എത്താമെന്ന് കുടുംബവക്താവും, WA എത്ത്നിക് കമ്മ്യൂണിറ്റീസ് കൗൺസിൽ പ്രസിഡന്റുമായ സുരേഷ് രാജൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി

പാർലമെന്റിനു മുന്നിൽ അനുസ്മരണം

സംസ്കാര ചടങ്ങിനു ശേഷം ഞായറാഴ്ച വെസ്റ്റേൺ ഓസ്ട്രേലിയ പാർലമെന്റിനു മുന്നിൽ മെഴുകുതിരി തെളിച്ചുള്ള അനുസ്മരണവും സംഘടിപ്പിക്കുന്നുണ്ട്.

കുടുംബസുഹൃത്തുക്കളും വിവിധ കൂട്ടായ്മകളും ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് 4.30 മുതൽ നടക്കുന്ന അനുസ്മരണ പരിപാടിയിലേക്ക് സംസ്ഥാന പ്രീമിയർ മാർക്ക് മക്ക്ഗവനും, ആരോഗ്യമന്ത്രി റോജർ കുക്കും ഉൾപ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ടെന്ന് സുരേഷ് രാജൻ അറിയിച്ചു.
ആശുപത്രി എമർജൻസി വാർഡുകളിൽ സമാനമായ അനുഭവത്തിലൂടെ കടന്നുപോയിട്ടുള്ള നിരവധി പേർ ഈ പരിപാടിക്ക് എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഐശ്വര്യയുടെ ഓർമ്മയിൽ എല്ലാവരും ഓരോ റോസാപ്പൂവു കൂടി കൊണ്ടുവരാനാണ് സംഘാടകർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇനിയൊരു കുടുംബത്തിനും ഇത്തരമൊരു ദു:ഖം ഉണ്ടാകരുത് എന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ നൽകാൻ ശ്രമിക്കുന്നതെന്നും സുരേഷ് രാജൻ വ്യക്തമാക്കി.

സുരേഷ് രാജനുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇവിടെ കേൾക്കാം.

മരണകാരണം അറിയാൻ വൈകും

ഐശ്വര്യ മരിച്ച് രണ്ടാഴ്ചയായെങ്കിലും മരണകാരണം ഇനിയും വ്യക്തമായിട്ടില്ല.

ഐശ്വര്യയ്ക്ക് മറ്റസുഖങ്ങളൊന്നും ഇല്ലായിരുന്നുവെന്നും, മരണകാരണം വ്യക്തമാകാൻ ഇത്രയും വൈകുന്നത് അഭിലഷണീയമല്ലെന്നും സുരേഷ് രാജൻ ചൂണ്ടിക്കാട്ടി.

ഐശ്വര്യയുടെ മൃതദേഹം കാണാൻ അച്ഛൻ അശ്വതിനും അമ്മ പ്രസീതയ്ക്കും പത്തു ദിവസം കാത്തിരിക്കേണ്ടിവന്നെന്നും, ഇത് കുടുംബത്തോട് കാട്ടിയ അനാദരവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകൾക്കും വിശേഷങ്ങൾക്കും SBS മലയാളം വെബ്സൈറ്റ് സന്ദർശിക്കുക

മരണകാരണം എന്താണെന്ന് അറിയാൻ WA ആരോഗ്യവകുപ്പിനെ എസ് ബി എസ് മലയാളവും ബന്ധപ്പെട്ടു.

ഐശ്വര്യ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും, ഇത്തരം സംഭവങ്ങളിലെ അന്വേഷണം 28 ദിവസം വരെയെടുക്കാമെന്നും ചൈൽഡ് ആന്റ് അഡോളസന്റ് ഹെൽത്ത് സർവീസ് അസിസ്റ്റ്ന്റ് ചീഫ് എക്സിക്യുട്ടീവ് ഡോ. സൈമൺ വുഡ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
എന്നാൽ ഈ ദാരുണസംഭവത്തിന്റ ഗൗരവം കണക്കിലെടുത്ത് എത്രയും വേഗം കുടുംബത്തിന് ഉത്തരം നൽകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് വരുംമുമ്പ് മരണകാരണത്തെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഐശ്വര്യയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ആരോഗ്യവകുപ്പ് നൽകുമെന്നും ഡോ. വുഡ് പറഞ്ഞു. 

എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)


Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service