AussieRule: ഓസ്‌ട്രേലിയയിലേക്ക് ഡ്യൂട്ടി ഫ്രീ ആയി എന്തൊക്കെ കൊണ്ടുവരാം?

ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുമ്പോള്‍ വിമാനത്താവളത്തില്‍ നികുതിയടയ്ക്കാതെ എന്തൊക്കെ കൊണ്ടുവരാന്‍ കഴിയും എന്നറിയാമോ?

Business people leaving airport duty free shop with shopping bags and suitcase

Illustration Source: Getty Images

ഓരോ രാജ്യത്തേക്കും യാത്ര ചെയ്യുമ്പോള്‍ നികുതിയടയ്ക്കാതെ കൊണ്ടുപോകാവുന്ന ഉത്പന്നങ്ങള്‍ക്ക് വ്യത്യസ്ത അളവുകളാണ് ഉള്ളത്.

വിമാനത്താവളങ്ങളിലെ ഡ്യൂട്ടീ ഫ്രി ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന ഉത്പന്നങ്ങള്‍ക്കും, മറ്റു രാജ്യങ്ങളില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന ഉത്പന്നങ്ങള്‍ക്കും ഇത് ബാധകമാണ്.  നിശ്ചിത അളവില്‍/മൂല്യത്തില്‍  കൂടുതലുള്ള ഉത്പന്നങ്ങള്‍ കൊണ്ടുപോയാല്‍ ഡ്യൂട്ടിയും മറ്റു നികുതികളും നല്‍കേണ്ടിവരും.

ഓസ്‌ട്രേലിയയില്‍ ഡ്യൂട്ടി നല്‍കാതെ കൊണ്ടുവരാവുന്ന ഉത്പന്നങ്ങള്‍ ഇങ്ങനെയാണ്:

സ്വന്തം ഉപയോഗത്തിനുള്ളവ:

യാത്ര ചെയ്യുമ്പോള്‍ കൊണ്ടുവരുന്ന ബാഗിനുള്ളിലുള്ള വസ്ത്രങ്ങള്‍, പാദരക്ഷകള്‍, മറ്റു സ്വകാര്യ ഉപയോഗത്തിനുള്ള ഉത്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കൊന്നും നികുതി നല്‍കേണ്ടതില്ല.
Australia refuerza medidas de control de fronteras contra el coronavirus
Source: AAP Image/Brendan Esposito
വിദേശത്ത് 12 മാസമെങ്കിലും ഉപയോഗിച്ചതായിരിക്കണം ഈ സ്വകാര്യ ഉത്പന്നങ്ങള്‍ എന്നാണ് ഓസ്‌ട്രേലയിന്‍ ബോര്‍ഡര്‍ ഫോഴ്‌സ് നിഷ്‌കര്‍ഷിക്കുന്നത്. അല്ലെങ്കില്‍ താല്‍ക്കാലികമായി മാത്രം കൊണ്ടുവരുന്നതാകണം.

ഇത്തരത്തില്‍ കൊണ്ടുവരുന്ന ഉത്പന്നങ്ങളുടെ മൂല്യമോ അളവോ പ്രശ്‌നമല്ല.

ഇതിനു പുറമേയുള്ള മറ്റെല്ലാ ഉത്പന്നങ്ങള്‍ക്കും പരിധിയുണ്ട്.

പരിധി ഇങ്ങനെ

ജനറല്‍ ഗുഡ്‌സ്

മദ്യവും പുകയിലയും ഒഴികെയുള്ള ഉത്പന്നങ്ങളാണ് ഇതില്‍ വരുന്നത്.

വിദേശത്തു നിന്ന് വാങ്ങിയ ഉത്പന്നങ്ങള്‍ക്കും, വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങുന്നവയ്ക്കുമെല്ലാം ഈ പരിധി ബാധകമാണ്. 

ഓസ്‌ട്രേലിയയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങിയ ശേഷം വിദേശത്തേക്ക് കൊണ്ടുപോയ ഉത്പന്നങ്ങള്‍ തിരികെ കൊണ്ടുവരുമ്പോഴും ഇതേ പരിധി ബാധകമാകും.
18 വയസിന് മുകളില്‍ പ്രായമുള്ള ഒരാള്‍ക്ക് 900 ഓസ്‌ട്രേലിയന്‍ ഡോളറിന്റെ ജനറല്‍ ഗുഡ്‌സ് ആണ് ഡ്യൂട്ടി ഇല്ലാതെ കൊണ്ടുവരാന്‍ കഴിയുക.
നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള സമ്മാനങ്ങള്‍, സുവനീറുകള്‍, ക്യാമറ, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ലെതര്‍ ഉത്പന്നങ്ങള്‍, പെര്‍ഫ്യൂം കോണ്‍സന്‍ട്രേറ്റ്, ആഭരണങ്ങള്‍, വാച്ചുകള്‍, കായിക ഉപകരണങ്ങള്‍ എന്നിവയെല്ലാം ജനറല്‍ ഗുഡ്‌സ് എന്ന ഗണത്തില്‍ ഉള്‍പ്പെടും.

അതായത്, 1,000 ഡോളറിന്റെ ഒരു പുതിയ ക്യാമറയോ മൊബൈല്‍ ഫോണോ ഓസ്‌ട്രേലിയയിലേക്ക്  കൊണ്ടുവരുന്നുണ്ടെങ്കില്‍ അതിന് വിമാനത്താവളത്തില്‍ നികുതി നല്‍കണം എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
18 വയസില്‍ താഴെയുള്ളവര്‍ക്ക് 450 ഡോളറിന്റെ ജനറല്‍ ഗുഡ്‌സാണ് കൊണ്ടുവരാന്‍ അനുമതിയുള്ളത്. ഇതേ പരിധിയാണ് വിമാനങ്ങളിലെയും കപ്പലുകളിലെയും ജീവനക്കാര്‍ക്കും.

അതേസമയം, ഒരുമിച്ച് യാത്ര ചെയ്യുന്ന കുടുംബാംഗങ്ങള്‍ക്ക് അവരുടെ ഡ്യൂട്ടീ ഫ്രീ പരിധി സംയുക്തമായി ഉപയോഗിക്കാന്‍ കഴിയും (പൂള്‍ ചെയ്യാം).

മദ്യം

18 വയസില്‍ കൂടുതല്‍ പ്രായമുള്ള ഒരാള്‍ക്ക് 2.25 ലിറ്റര്‍ മദ്യമാണ് ഡ്യൂട്ടിയടക്കാതെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നത്.

ഒരു വിദേശരാജ്യത്തു നിന്നു വാങ്ങിയതായാലും, വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു വാങ്ങിയതായാലും എല്ലാം ഈ പരിധി ബാധകമാണ്.
Sri Lanka Custom reformed duty free goods
Source: Sri Lanka Duty Free
യാത്രക്കാര്‍ക്കും, വിമാന/കപ്പല്‍ ജീവനക്കാര്‍ക്കും ഒരേ പരിധി തന്നെയാണ് ഇക്കാര്യത്തില്‍ ഉള്ളത്.

സിഗരറ്റും മറ്റു പുകയില ഉത്പന്നങ്ങളും

ഓസ്‌ട്രേലിയയിലേക്ക് പുകയിയ ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് മദ്യത്തേക്കാള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2019 ജുലൈ ഒന്നു മുതല്‍ ഇറക്കുമതി നിരോധിക്കപ്പെട്ട ഉത്പന്നങ്ങളുടെ കൂട്ടത്തിലാണ് പുകയില. അതുകൊണ്ട് പുകയിലയോ പുകയില ഉത്പന്നങ്ങളോ ഇറക്കുമതി ചെയ്യണമെങ്കില്‍ പ്രത്യേകം പെര്‍മിറ്റ് ആവശ്യമാണ്.

ഓസ്‌ട്രേലിയയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൈവശം കൊണ്ടുവരാവുന്ന പുകയിലയ്ക്കും അടുത്തകാലത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്.

25 സിഗററ്റുകള്‍ വരെയുള്ള തുറക്കാത്ത ഒരു പാക്കറ്റോ അല്ലെങ്കില്‍ 25 ഗ്രാം പുകയിലയോ ആണ് ഇങ്ങനെ കൊണ്ടുവരാവുന്നത്. അതോടൊപ്പം തുറന്ന ഒരു പാക്കറ്റ് സിഗരറ്റും കൊണ്ടുവരാം.
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ പുകയിലയും കൊണ്ടുവരാന്‍ അനുവാദമുള്ളൂ.

ടൂറിസ്റ്റ് റീഫണ്ട് ക്ലെയിം ലഭിച്ച ഉത്പന്നങ്ങള്‍

ഓസ്‌ട്രേലിയയില്‍ നിന്ന് വാങ്ങി പുറത്തേക്ക് കൊണ്ടുപോകുന്ന ഉത്പന്നങ്ങളുടെ GST തിരികെ നല്‍കുന്ന പദ്ധതിയാണ് ടൂറിസ്റ്റ് റീഫണ്ട് സ്‌കീം.
GST ക്ലെയിം ലഭിച്ച ഉത്പന്നങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ റീഫണ്ട് തുക മുഴുവന്‍ തിരിച്ചു നല്‍കണം.
ജനറല്‍ ഗുഡ്‌സിന്റെ പരിധിക്ക് പുറത്തുള്ള ഉത്പന്നമാണ് അതെങ്കില്‍, അക്കാര്യം പാസഞ്ചര്‍ കാര്‍ഡില്‍ ഡിക്ലയര്‍ ചെയ്യുകയും വേണം.

ഡ്യൂട്ടി ഫ്രീ പരിധി കഴിഞ്ഞാല്‍?

ഡ്യൂട്ടി ഫ്രീ പരിധിയേക്കാള്‍ കുടുതല്‍ ഉത്പന്നങ്ങള്‍ കൊണ്ടുവരികയാണെങ്കില്‍ അധികമുള്ള ഉത്പന്നങ്ങള്‍ക്ക് മാത്രമല്ല നികുതി കൊടുക്കേണ്ടി വരിക. മറിച്ച് മുഴുവന്‍ ഉത്പന്നങ്ങള്‍ക്കും നികുതി അടയ്ക്കണം.

ഉദാഹരണത്തിന്, തുറക്കാത്ത രണ്ടുപാക്കറ്റ് സിഗരറ്റ് ഒരാളുടെ കൈവശമുണ്ടെങ്കില്‍ രണ്ടു പാക്കറ്റിനും നികുതി നല്‍കേണ്ടിവരും. ഒരു പാക്കറ്റ് ഡ്യൂട്ടി ഫ്രീ ആയി കൊണ്ടുവരാന്‍ അനുവദനീയമാണെങ്കില്‍ പോലും ഈ സാഹചര്യത്തില്‍ അത് കണക്കിലെടുക്കില്ല.

മദ്യത്തിനും, സിഗരറ്റിനും, ജനറല്‍ ഗുഡ്‌സിനും ഇത് ബാധകമാണ്.
ഡ്യൂട്ടി ഫ്രീപരിധിയേക്കാള്‍ കൂടുതലുള്ള ഉത്പന്നങ്ങള്‍ ഇന്‍കമിംഗ് പാസഞ്ചര്‍ കാര്‍ഡില്‍ രേഖപ്പെടുത്താതെ ഇരിക്കുന്നത് കുറ്റകരമാണ്. ഇതിന് പിഴയോ, ക്രിമിനല്‍ നടപടിക്രമങ്ങളോ, വിസ റദ്ദാക്കലോ ശിക്ഷയായി ലഭിക്കാം എന്നാണ് ഓസ്‌ട്രേലിയന്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സില്‍ നിന്ന് ലഭിക്കും.

 

Share

Published

Updated

By Deeju Sivadas

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
AussieRule: ഓസ്‌ട്രേലിയയിലേക്ക് ഡ്യൂട്ടി ഫ്രീ ആയി എന്തൊക്കെ കൊണ്ടുവരാം? | SBS Malayalam