ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും കോൺസുലേറ്റുകളിലും സമർപ്പിക്കുന്ന രേഖകൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടെങ്കിൽ, അതിന് ജസ്റ്റിസ് ഓഫ് ദ പീസിനും (JP) നോട്ടറി പബ്ലിക്കിനും കഴിയുമായിരുന്നു.
ന്യൂ സൗത്ത് വെയിൽസിൽ ജീവിക്കുന്നവരുടെ കാര്യത്തിൽ അതിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഇന്ത്യൻ അധികൃതർ.
NSWൽ ജീവിക്കുന്നവർ കോൺസുലേറ്റിൽ സമർപ്പിക്കുന്ന രേഖകൾ സാക്ഷ്യപ്പെടുത്താൻ ഇനി മുതൽ നോട്ടറി പബ്ലിക്കിന് മാത്രമേ കഴിയൂ.
ന്യൂ സൗത്ത് വെയിൽസ് നിയമപ്രകാരം വിദേശരേഖകൾ സാക്ഷ്യപ്പെടുത്താനും സർട്ടിഫൈ ചെയ്യാനും നോട്ടറി പബ്ലിക്കിന് മാത്രമേ അധികാരമുള്ളൂ എന്ന് കോൺസുലേറ്റ് ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ഓഫ് ദ പീസിന് വിദേശരാജ്യങ്ങളിലെ ഉപയോഗത്തിനു വേണ്ടിയുള്ള രേഖകൾ സാക്ഷ്യപ്പെടുത്താൻ കഴിയില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് സർക്കാർ വ്യക്തമാക്കിയതായും, അതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നും കോൺസുലേറ്റ് അറിയിച്ചു.
സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നൽകുന്ന വിവിധ അപേക്ഷകൾക്കുള്ള ചെക്ക് ലിസ്റ്റിൽ ഇതുപ്രകാരം മാറ്റം വരുത്തിയിട്ടുണ്ട്.
ഈ മാറ്റത്തിനെതിരെ ന്യൂ സൗത്ത് വെയിൽസിലെ ഇന്ത്യൻ വംശജർ പരാതിയുമായി രംഗത്തെത്തി.

Source: VFS Global website
തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺസുലേറ്റ് ജനറലിന് ഓൺലൈൻ പെറ്റീഷനും തുടങ്ങിയിട്ടുണ്ട്.
ഒരു രേഖ സാക്ഷ്യപ്പെടുത്തുന്നതിന് നോട്ടറി പബ്ലിക്കിന് 80 ഡോളർ മുതൽ 120 ഡോളർ വരെ ഫീസ് നൽകേണ്ടി വരുമെന്നും, നിരവധി രേഖകൾ സാക്ഷ്യപ്പെടുത്തേണ്ടി വരുന്ന കുടുംബത്തിന് ഇത് കനത്ത സാമ്പത്തിക ബാധ്യതയാകുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
JP സാക്ഷ്യപ്പെടുത്തിയ രേഖകൾ സ്വീകരിക്കണമോ എന്നത് ഇന്ത്യൻ സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നും, ന്യൂ സൗത്ത് വെയിൽസ് സർക്കാരല്ല ഇത് തീരുമാനിക്കേണ്ടതെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ഓഫ് ന്യൂ സൗത്ത് വെയിൽസ് (FIAN) പ്രസിഡൻറ് ഡോ. യദു സിംഗ് പറഞ്ഞു.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)
മറ്റെല്ലാ സംസ്ഥാനങ്ങളിലും JP സാക്ഷ്യപ്പെടുത്തിയ രേഖകൾ അനുവദിക്കുമ്പോൾ, ന്യൂ സൗത്ത് വെയിൽസിൽ ജീവിക്കുന്നവരോടു മാത്രം ഇന്ത്യൻ സർക്കാർ ഏജൻസികൾ വിവേചനം കാട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഇക്കാര്യം ഇന്ത്യൻ കോൺസുലേറ്റിന്റെ അധികാരപരിധിയിൽപ്പെടുന്ന വിഷയമല്ലെന്നും, NSWൽ ജീവിക്കുന്നവരുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുളള നിയമം പിന്തുടരുക മാത്രമാണ് കോൺസുലേറ്റ് ചെയ്യുന്നതെന്നും വൈസ് കോൺസുൽ ശിവാനന്ദ് സാലിമത്ത് എസ് ബി എസ് ഹിന്ദിയോട് പ്രതികരിച്ചു